ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങി രണ്ടുപേർ മരിച്ച സംഭവം.. ഹോട്ടൽ ഉടമക്കെതിരെ കേസ്…
കോഴിക്കോട്: കോവൂർ ഇരിങ്ങാടൻ പള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമക്കെതിരെ കേസ്. അസ്വഭാവിക മരണത്തിന് ചേവായൂർ പൊലീസാണ് കേസ് എടുത്തത്.സംഭവത്തിൽ കെട്ടിടം ഉടമയുടേയും ഹോട്ടൽ ഉടമയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും.
ഇന്ന് വൈകിട്ട് 4.30ന് അമ്മാസ് ദാബ എന്ന ഹോട്ടലിലായിരുന്നു സംഭവം.കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഹോട്ടലിന്റേത്. ഇതിൽ രണ്ടടിയോളം മാലിന്യമുണ്ടായിരുന്നു. ടാങ്കിൽ ഇറങ്ങിയ ഉടനെ കുഴഞ്ഞുവീണ ആദ്യത്തെ തൊഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനെടെ കൂടെ ഉണ്ടായിരുന്നയാളും അപകടത്തിൽപ്പെടുകയായിരുന്നു. ശ്വാസംമുട്ടി കുഴഞ്ഞുവീണ ഇരുവരേയും നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സംഘമെത്തി പുറത്തെടുത്തു. തുടർന്ന് ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ടാങ്കിന്റെ അശാസ്ത്രീയ നിർമാണവും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും.