ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം…

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ അധിക തുക ഈടാക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിരോധിച്ചു. ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നതിനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ ഈ കർശന ഇടപെടൽ.

ഇന്ധനം, എൽപിജി, വൈദ്യുതി എന്നിവയുടെ വില വർദ്ധനവ് ചൂണ്ടിക്കാട്ടി ബില്ലിൽ പ്രത്യേകം തുക ഈടാക്കാൻ പാടില്ല. ഇത്തരം ചെലവുകളെല്ലാം ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കുമ്പോൾ തന്നെ അതിൽ ഉൾപ്പെടുത്തണം. ഹോട്ടൽ മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വില തന്നെയായിരിക്കണം ഉപഭോക്താവ് നൽകേണ്ട അന്തിമ വില. ഇതിന് പുറമെ നിയമാനുസൃതമായ നികുതികൾ മാത്രമേ ഈടാക്കാൻ അനുവാദമുള്ളൂ.

അതോറിറ്റിയുടെ ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ബില്ലിംഗ് രീതികൾ അനുവദിക്കില്ല. മെനുവിൽ കാണാത്ത അധിക ചാർജുകൾ ബില്ലിൽ കണ്ടാൽ ഉപഭോക്താക്കൾക്ക് പരാതിപ്പെടാവുന്നതാണ്. ഭക്ഷണശാലകളുടെ പ്രവർത്തനച്ചെലവ് ഉപഭോക്താവിന്റെ മേൽ പ്രത്യേകം അടിച്ചേൽപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കി. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ഹോട്ടലുകളിൽ പോകുന്ന സാധാരണക്കാർക്ക് ബില്ലിലെ അനാവശ്യ തുകകളിൽ നിന്ന് വലിയ ആശ്വാസം ലഭിക്കും.

Related Articles

Back to top button