ഹോട്ടലുകളില്‍ ഇറച്ചി വിതരണം ചെയ്യുന്നവരുടെ പെരുമാറ്റത്തില്‍ സംശയം.. പരിശോധനയില്‍…
തിരുവനന്തപുരം: ഹോട്ടലുകളിൽ കോഴി ഇറച്ചി വിതരണം ചെയ്യുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മയക്കു മരുന്ന് കച്ചവടം. ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരിവസ്തുക്കൾ കടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു യുവാക്കളാണ് ഇന്നലെ രാത്രി പൊലീസിന്റെ പിടിയിലായത്. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ഹാഷിഷ് ഓയിലുമായി ശ്രീകാര്യം പൊലീസ് പിടികൂടിയത്.
വാഹനം തടഞ്ഞ് പൊലീസ് വിവരം അന്വേഷിച്ചപ്പോള്‍ ഹോട്ടലുകളില്‍ നല്‍കിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം ഇവർ സഞ്ചരിച്ച ഓട്ടോ റിക്ഷയിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഒരാൾ നേരത്തെ കഞ്ചാവു കേസിൽ പ്രതിയാണ്.