ഹേമ കമ്മിറ്റി റിപ്പോർട്ട്; ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി…
കൊച്ചി: സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈകോടതി. ബുധനാഴ്ച വൈകീട്ട് 3.30ന് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഒരാഴ്ചത്തേക്ക് ഹൈകോടതി നടപടി. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ ആണ് ഹൈകോടതിയെ സമീപിച്ചത്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ, പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഇല്ലെന്നും വ്യക്തമാക്കി.
റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാത്ത, ആർ.ടി.ഐ നിയമപ്രകാരം വിലക്കിയ വിവരങ്ങൾ ഒഴിവാക്കിയാണ് 233 പേജുകളുള്ള റിപ്പോർട്ട് പുറത്തുവിടാനിരുന്നത്. റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. വിവരാവകാശ കമീഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.
നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമ മേഖലയിലെ അസമത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.