ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടും..സ്വകാര്യ വിവരങ്ങള്‍….
ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പരസ്യമാക്കും. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.ഇതോടെ പേജ് 49, 81 മുതല്‍ 100 വരെയുള്ള പേജുകള്‍, പാരഗ്രാഫ് 165 മുതല്‍ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കിയാവും റിപോര്‍ട്ട് പുറത്ത് വിടുക. അനുബന്ധവും പുറത്ത് നല്‍കില്ല.
2019 ഡിസംബർ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്കാരിക വകുപ്പ് അംഗീകരിച്ചിരുന്നില്ല. പലരുടെയും സ്വകാര്യതകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അവ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോൾ ലഭിച്ചിരുന്ന മറുപടി.ഈ മാസം 25നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷൻ വിമർശിച്ചിരുന്നു.