ഹെൽമറ്റ് ഇല്ല..പെറ്റി കിട്ടി… രസീത് കണ്ട് ഞെട്ടി!!
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റികിട്ടിയ യുവാവ് ഇ ചെല്ലാൻ രസീത് കണ്ട് ഞെട്ടി. നെല്ലിമുകൾ സ്വദേശി അരുൺ സുദർശനനാണ് വിചിത്രമായ ചെല്ലാൻ രസീത് കിട്ടിയത്.
അരുൺ സുദർശനന് കിട്ടിയ ചെല്ലാൻ രസീത് കണ്ടാൽ പസഫിക് സമുദ്രത്തിലെ കുറിൽ ദ്വീപുകൾ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് തോന്നിപ്പോകും. അരുണും ഭാര്യ അശ്വതിയും മകനും നെല്ലിമുകൾ ഭാഗത്ത് കൂടി സ്കൂട്ടറിൽ യാത്ര ചെയ്തത്. മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. നെല്ലിമുഗൾ ജംഗ്ഷനിലുണ്ടായിരുന്ന അടൂർ പൊലീസ് നിയമ ലംഘനം കണ്ടയുടൻ വാഹനത്തിന്റെ ഫോട്ടോ എടുത്തു, ഇ പരിവാഹൻ സൈറ്റിൽ അപ്പ് ലോഡ് ചെയ്തു. തൊട്ടടുത്ത ദിവസം 500 രൂപ പെറ്റി അടയ്ക്കണമെന്ന സന്ദേശവും ഈ ചെല്ലാനും അരുണിന് കിട്ടി. രസീത് വായിച്ചു നോക്കിയപ്പോഴാണ് നിയമലംഘനം സ്ഥലം കുറിൽ ദ്വീപ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. റഷ്യയും ജപ്പാനും തമ്മിൽ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് കുറീൽ ദ്വീപുകൾ.
അരുണിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന ഭാര്യ അശ്വതിക്കും ചെല്ലാൻ രസീത് കണ്ട് അത്ഭുതം. വെബ്ബ്സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തപ്പോൾ ജിപിഎസ് സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് സ്ഥലം മാറാൻ കാരണമെന്നാണ് അടൂർ പൊലീസിന്റെ വിശദീകരണം.