ഹെർണിയ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈപ്പിഴ..പ്രധാന ഞരമ്പ് മുറിച്ചു..10 വയസ്സുകാരന്റെ ജീവിതം ദുരിതത്തിൽ…
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസ്സുകാരൻ ഡോക്ടറുടെ കൈപ്പിഴയിൽ ദുരിതക്കിടക്കയിലായി. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്ടർ ആംബുലൻസിൽ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരിതത്തിലായത്. രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേർക്കുകയോ ഹെർണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.ആശുപത്രിയിൽ നിന്നു ഡിസ്ചാർജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടർ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇനി തുടർചികിത്സ എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.ആറു മാസത്തേക്ക് വിശ്രമം വേണമെന്നാണ് കണ്ണൂരിൽ നിന്ന് ഡോക്ടർമാർ പറഞ്ഞത്. സ്കൂളിൽ പോകാനും കഴിയില്ല. ഇപ്പോഴും പരസഹായമില്ലാതെ കുട്ടിക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പിതാവ് പറയുന്നു.