ഹെപ്പറ്റൈറ്റിസ് പടരുന്നു… സമരം തുടങ്ങി….

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുമ്പോഴും മലപ്പുറം പോത്തുകല്ലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് ആരോപണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 350ഓളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത പോത്തുകല്ല് പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കിയില്ലെന്നാണ് പരാതി. അടിയന്തിര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി.

മലപ്പുറം ജില്ലയിലെ പോത്തുകല്ലിലും എടക്കരയിലുമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്ന് പിടിക്കുന്നത്. മൂന്നാഴ്ചക്കിടെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങളോടെ പോത്തുകല്ലില്‍ കഴിഞ്ഞ ദിവസം മറ്റൊരു യുവാവ് കൂടി മരിച്ചിരുന്നു. രോഗം പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും വീഴ്ച വരുത്തുന്നതായാണ് ആരോപണം. പോത്തുകല്ല് ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ മെഡിക്കല്‍ ഓഫീസര്‍ അവധിയിലാണ്. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പോത്തുകല്ല് പഞ്ചായത്തിലെ യു‍ഡിഎഫ് അംഗങ്ങള്‍ സമരത്തിലാണ്.

Related Articles

Back to top button