ഹൃദയാഘാതം.. ഒരു മാസം മുമ്പേ ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍
ഏത് പ്രായത്തിലുള്ളവരെയും ഭയപ്പെടുത്തുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹൃദയാഘാതത്തിന് മുന്‍പായി ശരീരം നല്‍കുന്ന സൂചനകള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും നേരത്തെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാം.
ഹൃദയാഘാതത്തിന് ഒരു മാസം മുന്‍പ് തന്നെ രോഗിയില്‍ അതിനുള്ള ലക്ഷണങ്ങള്‍ പ്രകടമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയില്‍ കണ്ടേക്കാവുന്ന പത്ത് പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ച് പഠനങ്ങള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
അസാധാരണമായ ക്ഷീണം തന്നെയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഉറക്കമില്ലായ്മയോ ഉറക്കം ശരിയാകാതിരിക്കുന്നതോ ആയ അവസ്ഥ, ശ്വാസതടസം, ദഹനമില്ലായ്മ, ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, കൈകള്‍ ദുര്‍ബലമായി തോന്നുക, ചിന്തകളിലും ഓര്‍മ്മകളിലും അവ്യക്തത, കാഴ്ചയില്‍ പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, കൈകളില്‍ വിറയല്‍, രാത്രിയില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാമാണ് രോഗിയില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍.
ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം തല ചുറ്റലുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. നിര്‍ത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കില്‍ വൈദ്യസഹായം തേടണം. കാല്‍ പാദത്തിലും, ചിലപ്പോള്‍ കാല്‍ മുഴുവനും നീരുണ്ടാകുന്നതും ശ്രദ്ധിക്കണം. മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ കൂടിയാകാം.
വാരിയെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന എന്നിവ നിസാരമായി എടുക്കരുത്. നിസാരമായി തള്ളിക്കളയാതെ കാരണം പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് ഉചിതം.