‘ഹിന്ദുക്കൾ സുരക്ഷിതരായിരിക്കും, ഉറപ്പ്’; മോദിയെ വിളിച്ച് മുഹമ്മദ് യൂനുസ്

ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് പുറമെ ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയും ചർച്ചകൾ നടന്നതായി മോദി അറിയിച്ചു
ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമെന്നും ഇത് സംബന്ധിച്ച് എല്ലാ ഉറപ്പുകളും തനിക്ക് ലഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചതായും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് തരുന്നതായി തന്നോട് പറഞ്ഞുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് പുറമെ ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയും ചർച്ചകൾ നടന്നതായി മോദി അറിയിച്ചു. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിനിടെ കലാപബാധിതമായ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഹമ്മദ് യൂനുസിന്റെ ഫോൺ കോൾ.’പ്രൊഫസർ മുഹമ്മദ് യൂനുസിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വീക്ഷണങ്ങൾ കൈമാറി. ജനാധിപത്യമുള്ള, സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ഒരു ബംഗ്ലാദേശിനായി ഇന്ത്യയുടെ എല്ലാ പിന്തുണയും ആവർത്തിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും സുരക്ഷയും അദ്ദേഹം ഉറപ്പുനൽകി’; മോദി എക്‌സിൽ കുറിച്ചു.

സംഘർഷം രൂക്ഷമായ ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ വീടുകൾക്ക് നേരെയും സ്ഥാപനങ്ങൾക്ക് നേരെയും വലിയ അക്രമണമാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച, ധാക്കയിലെ ധകേശ്വരി ക്ഷേത്രം സന്ദർശിച്ച ശേഷം യൂനുസ് ഹിന്ദുകൾക്ക് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിച്ചവരെ ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.അതേസമയം, ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ക്ക് എപ്പോള്‍ തുടക്കം കുറിക്കുമെന്ന ആകാംക്ഷയിലാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.

Related Articles

Back to top button