ഹാഥ്റസ് ദുരന്തം..സ്ത്രീകൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ..മുഖ്യപ്രതിയുടെ വിവരം നൽകുന്നവർക്ക് പാരിതോഷികം…
ഹാഥ്റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽആറുപേർ അറസ്റ്റിൽ . രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. പ്രാർഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കേസിലെ പ്രധാനപ്രതി പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപിച്ചു.ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകർ.
സർക്കാർ ഉദ്യോഗസ്ഥനായ ഇയാളാണ് സത്സംഗിന്റെ മുഖ്യസംഘാടകൻ. കുടുംബത്തോടൊപ്പം ഒളിവിലാണ് ഇയാൾ.അറസ്റ്റിലായ പ്രതികള്‍ ക്രൗഡ് മാനേജ്മെന്റിന്റെ ചുമതലയുള്ള സന്നദ്ധപ്രവര്‍ത്തകരാണെന്ന് പോലീസ് വെളിപ്പെടുത്തി. പരിപാടികളില്‍ ഇവരാണ് ആള്‍ക്കൂട്ടത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത്.പോലീസോ മറ്റു ഭരണകൂട സംവിധാനങ്ങളോ ഇതിന്റെ ഭാഗമാകാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും അലിഗഢ് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.അതേസമയം. സത്സംഗിന് നേതൃത്വം നല്‍കിയ ഭോലെ ബാബയ്‌ക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എന്നാല്‍, ഇയാളെ ചോദ്യംചെയ്‌തേക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.