ഹലോ എന്നെ മനസ്സിലായോ….
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റ് പരിസരത്ത്കൂടെ നടന്നു പോകുമ്പോള്‍ വഴിയാത്രക്കാരനാണ് ആ കാഴ്ച കണ്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ബോണറ്റില്‍ നിന്ന് ഒരാള്‍ തലപൊക്കുന്നു. ആദ്യമൊന്ന് ഞെട്ടി. പരിശോധിച്ചപ്പോള്‍ പാമ്പ്. മറ്റുള്ളവരെ വിവരം അറിയിച്ചു. ആളുകള്‍ കൂടി. കാറുടമയെ കണ്ടുപിടിക്കാനായി ശ്രമം.
ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു ക്ലിനിക്കില്‍ നിന്ന് ഉടമയെ കുടുംബ സമേതം കണ്ടെത്തി. കരിമ്പളപ്പ് ജോളി നഗറിലെ കെവി താജുദ്ദീന്‍. ഇഎന്‍ടി ഡോക്ടറെ കാണാനെത്തിയതായിരുന്നു ഇദ്ദേഹവും കുടുംബവും സഞ്ചരിച്ച കാറില്‍ ഒരു അതിഥി കൂടി ഉണ്ടായിരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.
ഉടമയെത്തി കാറിന്‍റെ ബോണറ്റ് തുറന്നു. പാമ്പിനെ പുറത്തെടുക്കാന്‍ അവിടെ കൂടിയവര്‍ പഠിച്ച പണി പതിനെട്ടും നോക്കി. നോ രക്ഷ. അത് യന്ത്രഭാഗങ്ങള്‍ക്ക് ഇടയില്‍ എവിടെയോ പോയി ഒളിക്കുകയും ചെയ്തു. പാമ്പു പിടുത്തക്കാരെ വിളിക്കാതെ രക്ഷയില്ലെന്നായി പൊതുജനം. അങ്ങിനെ വിളിപോയി. അവരെത്തി. എണ്ണപ്പാറയിലെ അനീഷ് കൃഷ്ണനും കോട്ടപ്പാറയിലെ സുനിലും. ഇവര്‍ പാമ്പിനെ കെണിയിലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ആശാന്‍ വഴുതിത്തന്നെ. ഇതിനിടയില്‍ കാണാനെത്തിയവരുടെ തിരക്ക്. ഗതാഗത തടസം. ഒടുവില്‍ പൊലീസ് നിര്‍ദേശം. ഗതാഗതം തടസപ്പെടുത്തി പാമ്പ് പിടുത്തം നടക്കില്ല. കാര്‍ മറ്റൊരിടത്തേക്ക് മാറ്റണം. അങ്ങനെ കാര്‍ അതിഞ്ഞാലിലെ സര്‍വീസ് സ്റ്റേഷനിലേക്ക്. കാര്‍ ഉയര്‍ത്തി പരിശോധിച്ചെങ്കിലും പാമ്പ് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ എവിടെയോ ഒളിച്ചിരിപ്പാണ്. ഒടുവില്‍ കാറിന്‍റെ ചില ഭാഗങ്ങള്‍ അഴിച്ചു മാറ്റി. ഏറെ നേരം വീണ്ടും തെരച്ചില്‍. ഒടുവില്‍ കാറിന്‍റെ ഇടത് ചക്രത്തിന് തൊട്ടായുള്ള ബോണറ്റിനടിയില്‍ നിന്ന് ആശാനെ പൊക്കി. മണിക്കൂറുകള്‍ നീണ്ട ഉദ്വേഗങ്ങള്‍ക്കൊടുവില്‍ കാറുടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും അവിടെ കൂടിയവര്‍ക്കും ആശ്വാസം.