മദ്യലഹരിയിൽ അപരിചിതന് ലിഫ്റ്റ് കൊടുത്തു.. കാർ നിർത്തിയപ്പോൾ വാഹനം അപരിചിതന്റേത്… മെട്രോയിൽ വീട്ടിലേക്ക്…..

മദ്യലഹരിയിൽ സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്ന് തെറ്റിദ്ധരിച്ച് അപരിചിതനു നൽകി യുവാവ് . ശേഷം മെട്രോയിൽ വീട്ടിലെത്തി. പിറ്റേന്ന് കെട്ടുവിട്ട് എഴുന്നേറ്റപ്പോഴാണ് യുവാവിന് തനിക്ക് പറ്റിയ അബദ്ധം മനസിലായത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെട്ടു.

ഡൽഹി ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന അമിത് പ്രകാശിനാണ് വെള്ളമടിച്ച് പൂസായി അബദ്ധം പറ്റിയത്. ജോലി കഴിഞ്ഞ് മദ്യപിച്ച് പൂസായതിനു ശേഷം ഒരു വൈൻ ഷോപ്പിൽ കയറി വൈൻ വാങ്ങി. 2000 രൂപ വിലയുള്ള വൈനിനായി ഇയാൾ 20,000 രൂപ നൽകി. വൈൻ ഷോപ്പ് ജീവനക്കാരൻ 2000 രൂപ എടുത്തിട്ട് ബാക്കി 18,000 രൂപ തിരികെനൽകി. വൈനുമായി കാറിൽ എത്തിയ ഇയാൾ വീണ്ടും കാറിലിരുന്ന് മദ്യപിക്കാൻ തുടങ്ങി. ഇതിനിടെ ഒരു അപരിചിതൻ സമീപിച്ച് മദ്യപിക്കാൻ ഒപ്പം കൂട്ടുമോ എന്ന് ചോദിച്ചു. അങ്ങനെ അമിത് അപരിചിതിനെ ഒപ്പം കൂട്ടി. ഇരുവരും ചേർന്ന് കുറച്ചുസമയം മദ്യപിച്ചു. തുടർന്ന് അപരിചിതനുമായി അമിത് സുഭാഷ് ചൗക്കിലേക്ക് വാഹനമോടിച്ചു. സുഭാഷ് ചൗക്കിലെത്തിയപ്പോൾ കാറിൽ നിന്നിറങ്ങാൻ അപരിചിതൻ ആവശ്യപ്പെട്ടു. കാർ അയാളുടേതാണെന്ന് തെറ്റിദ്ധരിച്ച് അമിത് കാറിൽ നിന്നിറങ്ങി. തുടർന്ന് ഒരു ഓട്ടോവിളിച്ച് മെട്രോ സ്റ്റേഷനിലെത്തിയ ഇയാൾ മെട്രോയിൽ വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഉറക്കമെണീറ്റപ്പോഴാണ് അമിതിന് തനിക്കുപറ്റിയ അബദ്ധം മനസിലായത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന ഫോണും ലാപ്പ്‌ടോപ്പും 18000 രൂപയും നഷ്ടപ്പെട്ടു എന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button