ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു…
ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈൽ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. 62കാരനായ ഹനിയ്യ 2023 മുതൽ ഖത്തറിലാണ് താമസം. 2017 മെയിലാണ് ഇദ്ദേഹം ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിനിടെ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ പത്തിന് പെരുന്നാൾ ദിനത്തിൽ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു.