സ്വാതിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കി…തിരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി….

ജെഎന്‍യു തിരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതുസ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്വാതി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതെന്ന് സ്വാതി പറഞ്ഞു.

അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയതില്‍ അട്ടിമറിയുണ്ടെന്നാണ് ഇടതുസഖ്യത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജെഎന്‍യു തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലേന്ദ്ര കുമാറിന് സ്വാതി കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും വീണ്ടും നോമിനേഷന്‍ സമര്‍പ്പിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് സ്വാതി കത്തില്‍ ആവശ്യപ്പെട്ടു.

നാലു വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 10 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. ഏഴായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് വോട്ട് അവകാശമുള്ളത്. വോട്ടെടുപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ക്യാമ്പസ്. ഇടതു സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. ഞായറാഴ്ച്ചയാണ് ഫലപ്രഖ്യാപനം.

Related Articles

Back to top button