സ്വര്‍ണവ്യാപാരിയെ തടഞ്ഞ് 68 ലക്ഷവും കാറും തട്ടിയെടുത്ത കേസിൽ രണ്ട് പേര്‍ കൂടി പിടിയില്‍….
താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് മര്‍ദ്ദിക്കുകയും 68 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പില്‍ വീട്ടില്‍ ജിത്ത് (29), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അഞ്ചപ്പാലം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഹനീഷ് (39) എന്നിവരെയാണ് താമരശേരി ഡിവൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പാലക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 13ന് മൈസൂരുവില്‍ നിന്നും സ്വര്‍ണ്ണം എടുക്കാന്‍ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ ആണ് സംഘം മര്‍ദ്ദിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് താമരശേരി, കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളില്‍ നിന്നായി എട്ട് പ്രതികളെ പിടികൂടിയിരുന്നു.