സ്വപ്നങ്ങൾ വരച്ചുകൂട്ടാൻ കൈകളെന്തിന്… വരച്ചു പൂർത്തിയാക്കിയ മോഹൻലാൽ ചിത്രം ലാലേട്ടന് നേരിട്ട് നൽകണമെന്നത് സന്ധ്യയുടെ ആഗ്രഹം…
തിരുവനന്തപുരം: ദൈവം കൈതൊട്ട മാന്ത്രികവളവ്.അതിലൂടെയാണ് സന്ധ്യ എന്ന പത്താം ക്ലാസുകാരി സ്വപ്നങ്ങളും ഇഷ്ടങ്ങളും പേപ്പറിൽ വരച്ചുചേർക്കുന്നത്. വീട്ടിലേക്കുള്ള വഴിയിൽ വളർന്നുപടർന്ന പുൽപ്പടർപ്പിലൂടെ അമ്മയുടെയും പ്രിയപ്പെട്ടവരുടെയും ഒക്കത്തിരുന്നാണ് അവൾ ലോകം കാണുന്നത്.ജന്മനാ ഇരുകൈകളും കാലുകളുമില്ല പാച്ചലൂർ സ്വദേശിനി സന്ധ്യക്ക്. ഇടതുകൈമുട്ടിലെ നേർത്ത വളവിലേക്ക് അവൾ ആത്മവിശ്വാസത്തോടെ പെൻസിൽ പിടിപ്പിച്ചാണ് നിറംകലർത്തിയ വരക്കോപ്പുകളെ തന്റെ വരുതിയിലാക്കുന്നത്. വരച്ചു പൂർത്തിയാക്കിയ മോഹൻലാൽ ചിത്രം ലാലേട്ടന് നേരിട്ട് നൽകണമെന്നത് സന്ധ്യയുടെ ആഗ്രഹമായിരുന്നു. വിവരമറിഞ്ഞ മോഹൻ ലാൽ കഴിഞ്ഞ ദിവസം സന്ധ്യയെ ഫോണിൽ വിളിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തിയാലുടൻ നേരിൽ കാണാമെന്ന് മോഹൻ ലാലിൻ്റെ ഉറപ്പ്. ലോകം കീഴടക്കിയ നിർവൃതിയിലാണ് സന്ധ്യ ഇപ്പോൾ. നടൻ മധു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർക്ക് സന്ധ്യ ചിത്രം വരച്ചു സമ്മാനിച്ചിരുന്നു.
ചിത്രരചന ഇപ്പോൾ ശാസ്ത്രീയമായി പഠിക്കുന്നുണ്ട് സന്ധ്യ. ഓയിൽ പെയിന്റിങ്, അക്രിലിക്, ഫാബ്രിക് പെയിന്റിങ്, ബോട്ടിൽ ആർട്ട് എന്നിവയൊക്കെ കൈമുട്ടിലെ ഇത്തിരി വളവിൽ പെൻസിലും ബ്രഷും തിരുകി അവൾ മെരുക്കിയെടുക്കുന്നു. വാഴമുട്ടം ഗവ. എച്ച്.എസിൽ നിന്ന് പത്താംക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് സന്ധ്യ.
വീട്ടിൽനിന്ന് റോഡിലേക്കുള്ള ചെറിയ വഴിയായതിനാൽ വീൽച്ചെയറിന് കടന്നുപോകാനാകില്ല. അതിനാൽ പരസഹായമില്ലാതെ പുറത്തുകടക്കാൻ നിവൃത്തിയില്ല. അതാണ് സന്ധ്യയുടെ ഏറ്റവും വലിയ സങ്കടവും. അവൾക്ക് ജീവിക്കാൻ വഴിതെളിയണം…കൂലിപ്പണിക്കാരനായ സന്തോഷും രേഖയും മകളുടെ സ്വപ്നങ്ങൾക്കൊപ്പമുണ്ട്. നാലാം ക്ലാസുകാരി അഖിതയാണ് സഹോദരി.