സ്വന്തം ശവസംസ്കാര ചടങ്ങിനിടെ കണ്ണ് തുറന്ന് പെൺകുട്ടി

വയറുവേദനയെ തുടർന്ന് മരിച്ചു എന്ന് വിധിയെഴുതിയ പെൺകുട്ടി സ്വന്തം ശവസംസ്കാര ചടങ്ങിനിടെ ഉണർന്നു. ശവസംസ്കാര ചടങ്ങിന് 12 മണിക്കൂർ മുമ്പാണ് കുട്ടി മരിച്ചതായി ഡോക്ടർമാർ വിധി എഴുതിയത്. ശവസംസ്കാരചടങ്ങിനിടെ ശവപ്പെട്ടിയിൽ നീരാവി നിറഞ്ഞിരിക്കുന്നതായി ഒരാളുടെ ശ്രദ്ധയിൽ പെട്ടു. എന്നാൽ, അത് ചൂണ്ടിക്കാണിച്ചപ്പോൾ അത് വെറും തോന്നലാണ് എന്നും പറഞ്ഞ് ആളുകൾ അത് തള്ളിക്കളയുകയും ചെയ്തു. എന്നാൽ, കുഞ്ഞിന്റെ മുത്തശ്ശിയാണ് കുഞ്ഞിന്റെ കണ്ണുകൾ അനങ്ങുന്നുണ്ട് എന്ന് പറഞ്ഞത്. ഉടനെ തന്നെ ശവപ്പെട്ടി തുറക്കുകയും കുഞ്ഞിന്റെ പൾസ് നോക്കുകയും ചെയ്തപ്പോൾ അവൾ മരിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുകയായിരുന്നു.

പനി, ഛർദ്ദി, വയറുവേദന എന്നിവയെ തുടർന്നാണ് നേരത്തെ മൂന്നുവയസുകാരിയായ കുഞ്ഞിനെ ശിശുരോ​ഗ വിദ​ഗ്ദ്ധന്റെ അടുത്ത് കൊണ്ടുപോയത് എന്ന് കാമിലയുടെ അമ്മ മേരി ജെയിൻ മെൻഡോസ പറഞ്ഞു. ഇവിടെ വച്ച് കുട്ടിക്ക് ഡീഹൈഡ്രേഷൻ ഉണ്ട് എന്ന് പറയുകയും പാരാസെറ്റാമോൾ നൽകുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം, കാമിലയുടെ നില വഷളായതായി മാതാപിതാക്കൾ ശ്രദ്ധിച്ചതിനെ തുടർന്ന്, അവർ അവളെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ രാത്രി ‌ഒമ്പത് മണിക്കും 10 മണിക്കും ഇടയിൽ അവൾ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

മെക്സിക്കോയിൽ നിന്നുള്ള കാമില റൊക്സാന മാർട്ടിനെസ് മെൻഡോസ എന്ന പെൺകുട്ടിയാണ് സ്വന്തം ശവസംസ്കാര ചടങ്ങിനിടെ കണ്ണ് തുറന്നത്. ഉടനെ തന്നെ കുട്ടിയെ നേരത്തെ കാണിച്ചിരുന്ന അതേ ആശുപത്രിയിൽ തന്നെ എത്തിച്ചു. എന്നാൽ, നിർഭാ​ഗ്യകരം എന്ന് പറയട്ടെ കുട്ടി പിന്നീട് അതേ ആശുപത്രിയിൽ വച്ച് തന്നെ മരിച്ചു. സെൻട്രൽ മെക്‌സിക്കോയിലെ സാൻ ലൂയിസ് പോട്ടോസി സ്റ്റേറ്റിലെ സലീനാസ് ഡി ഹിൽഡാൽഗോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.

Related Articles

Back to top button