സ്വത്ത് തര്‍ക്കം…വീല്‍ചെയറില്‍ നിന്ന് യുവാവിനെ വലിച്ച് താഴെയിട്ട് ബന്ധുക്കളുടെ മർദ്ദനം….

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വീഴ്ചയിൽ പരിക്കേറ്റ് ചികിത്സയിൽ യുവാവിനെ പിതാവിന്റെ ജ്യേഷ്ഠനും മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുക്കം ചേന്നമംഗലൂര്‍ സ്വദേശി ചാത്തപ്പറമ്പന്‍ അഷ്‌റഫ് (41), ഭാര്യ ഷാക്കിറ (35) എന്നിവര്‍ക്കാണ് ബന്ധുക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.അഷ്‌റഫിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍ സി പി അബ്ദുറഹ്‌മാന്‍ മക്കളായ സി പി ഷരീഫ്, നിസാര്‍, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് റബര്‍ മരത്തില്‍ നിന്നും താഴെ വീണ് സാരമായി പരിക്കേറ്റ അഷ്‌റഫ് ഇപ്പോള്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.

വീട്ടിലെത്തിയ സംഘം തന്നെ വീല്‍ചെയറില്‍ നിന്ന് വലിച്ച് താഴെയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അഷ്‌റഫ് പറയുന്നു. ഇതുകണ്ട് ഓടിയെത്തിയ ഭാര്യ ഷാക്കിറയെയും ആക്രമിക്കുകയായിരുന്നു. വര്‍ഷങ്ങളായി സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും തന്നെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള ശ്രമം നടക്കുകയാണെന്നും അഷ്‌റഫ് പോലീസിന് മൊഴി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button