സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു..ഒൻപത് പേർക്ക് പരിക്ക്…
കിളിമാനൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നടുറോഡിൽ മറിഞ്ഞു. ഒൻപത് പേർക്ക് പരിക്കേറ്റു. കിളിമാനൂർ വെളളല്ലൂർ തേവലക്കാട് സ്കൂളിന് സമീപം ശനിയാഴ്ച വൈകിട്ട് നാലിനാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വർക്കല-കല്ലമ്പലം – കിളിമാനൂർ-കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തു നിന്നും കിളിമാനൂരിലേക്ക് വരികയായിരുന്നു.ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു.പരിക്കേറ്റ ഒൻപതുപേരെ ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവർക്ക് കേശവപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകി. പുതുശ്ശേരിമുക്ക് സ്വദേശികളായ ഷാജിറ (38),നബീസ (65), അൻസിഫ(10), അൽ അമീൻ (23), തങ്കപ്പൻ (76) മാവിൻമൂട്, സബീലബീവി(48) പാങ്ങോട്, രജിത (30) വെള്ളല്ലൂർ, ലേഖ(45) നെല്ലിക്കുന്ന്, മകൾ വൃന്ദ(21) എന്നിവരാണ് ചികിത്സയിലുള്ളത്. വെള്ളല്ലൂരിലേക്കുള്ള ഇറക്കത്തിൽ ബസ് റോഡിൽ തെന്നി നിയന്ത്രണം വിട്ട് വൈദ്യുതി തൂണും തകർത്താണ് നടുറോഡിൽ മറിഞ്ഞത്. അപകടത്തിൽ ബസ് ഡ്രൈവർക്കും പരിക്കുണ്ട്.