സ്വകാര്യ പറമ്പിൽ കാട്ടാന ചരിഞ്ഞു; ഷോക്കേറ്റെന്ന് നിഗമനം…

മലപ്പുറം: മലപ്പുറം മൂത്തേടത്ത് വനാതിർത്തിയോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനയെ കണ്ടെത്തിയത്. ഷോക്കേറ്റാണ് ആന ചരി‍ഞ്ഞതെന്നാണ് നിഗമനം. മൂത്തേടം ചീനി കുന്നിലാണ് രാവിലെ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശിവദാസൻ എന്നയാളുടെ പറമ്പിലാണ് ആന കിടന്നിരുന്നത്.

ഏകദ്ദേശം 20 വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. ഇലക്ട്രിക് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വന്യ മൃഗങ്ങളുടെ ശല്യം കാരണം ജീവിക്കാനും കൃഷി ചെയ്യാനും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ആന ചരിഞ്ഞ സ്ഥലത്ത് വച്ച് ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനെതിരെയും പ്രദേശവാസികൾ പ്രതിഷേധിച്ചു.

ഉയര്‍ന്ന വനം വകുപ്പുദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ഇടപെട്ട് ജഡം വനത്തില്‍ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം ചെയ്യാൻ തീരുമാനിച്ചു. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൃഷി സംരക്ഷിക്കുന്നതിനായി അനധികൃമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടിയാണ് ആനക്ക് ഷോക്കേറ്റതെന്നും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. അബു എന്നയാലാണ് വേലി സ്ഥാപിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണ കാരണം വ്യക്തമാവുമെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമ നപടപടികള്‍ സ്വീകരിക്കുമെന്നും വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button