സ്മാർട്ട് ഫോണിന്റെ ഇഎംഐ മുടങ്ങി…പിന്നീട്….
കൊല്ലം: 17,000 രൂപയുടെ സ്മാർട്ട് ഫോണിന്റെ ഒരു മാസത്തെ ഇഎംഐ മുടങ്ങി. ലോൺ തിരിച്ചടവ് മുടങ്ങിയതിന് ദമ്പതികളെ വീട് കയറി അക്രമിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിയായ സിദ്ദീഖിനും ഭാര്യ ആശയ്ക്കുമാണ് ബജാജ് ഫിൻസെർവ് ജീവനക്കാരുടെ മർദ്ദനമേറ്റത്. വീട്ടമ്മയുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. തവണ വ്യവസ്ഥയിൽ വാങ്ങിയ സ്മാർട്ട് ഫോണിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനാണ് കഴിഞ്ഞ ദിവസം ദമ്പതികളെ ബജാജ് ഫിൻസെർവിന്റെ ജീവനക്കാർ വീട് കയറി മർദ്ദിച്ചത്.
പതിനേഴായിരം രൂപയുടെ ഫോണ്‍ ആറു മാസത്തെ തിരിച്ചടവിനാണ് ദമ്പതികൾ വാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാൽ സിദ്ദീഖിന് ജനുവരി മാസത്തെ തിരിച്ചടവ് മുടങ്ങി. ഇതേച്ചൊല്ലി ജീവനക്കാരുമായി ഫോണിലൂടെ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ നാലംഗ സംഘം വീട്ടിൽ കയറി അക്രമിക്കുകയായിരുന്നുവെന്നാണ് ഇരുവരുടേയും ആരോപണം.