സ്കൂളില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കി മോഷണം…യുവാക്കൾ പിടിയിൽ…

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ സ്കൂളില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കി മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ഇടക്കുളങ്ങര സ്വദേശി യാസിര്‍, മുല്ലശ്ശേരി സ്വദേശി ആദിത്യന്‍ എന്നിവരാണ് പിടിയിലായത്. വീണ്ടും അതേ സ്കൂളില്‍ കയറാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ പൊലീസിന്‍റെ വലയില്‍ വീഴുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ പൊലീസിന്‍റെ മുന്നിൽ വീണ്ടും മോഷണത്തിനെത്തിയ പ്രതികൾ അകപ്പെടുകയായിരുന്നു.
ജൂണ്‍ നാലാം തീയതിയാണ് കരുനാഗപ്പള്ളി ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യാസിറും ആദിത്യനും അതിക്രമിച്ച് കയറിയത്. മോഷണത്തിനെത്തിയ ഇരുവരും ചേര്‍ന്ന് സ്കൂള്‍ ബസിന്‍റെ ചില്ല് തകര്‍ത്തു. ഫയര്‍ അലാമുകള്‍ മോഷ്ടിച്ചു. സ്കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്‍റ് വില്ലിന് കേടുപാട് വരുത്തി. ഓഫീസിന്‍റെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലായിരുന്നു.

രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് മോഷണം ആദ്യമറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ സ്കൂളും പരിസവും വ്യക്തമായി അറിയാവുന്നവരാണ് പ്രതികളെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ കരുനാഗപ്പള്ളി പൊലീസ് രാത്രി സ്കൂള്‍ പരിസരത്ത് നിരീക്ഷണം ശക്തമാക്കി. ഇതിനിടെ പിടിക്കപ്പെടില്ലെന്ന് കരുതിയ യുവാക്കള്‍ വീണ്ടും സ്കൂളില്‍ കയറാന്‍ പദ്ധതിയിട്ടു.

എന്നാല്‍ ഇത്തവണ പ്രതികളെത്തിയത് വലവിരിച്ച് കാത്തിരുന്ന പൊലീസുകാരുടെ മുന്നിലേക്കായിരുന്നു. സ്കൂള്‍ പ്രന്‍സിപ്പാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button