സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു… ചികിത്സയിലായിരുന്ന വയോധികൻ….
തിരുവനന്തപുരം: സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോവളം നെടുമം ഷാൻ നിവാസിൽ അബ്ദുൽ റഹ്മാൻ(76) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 16ന് രാത്രി 7.45ഓടെ കോവളം നെടുമം റോഡിലായിരുന്നു അപകടം.
നെടുമം ഭാഗത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം വീട്ടിലേക്ക് പോകവെ അതേ ദിശയിൽ വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ അബ്ദുൽ റഹ്മാന്റെ വലതുകാലിന് ഒടിവുപറ്റുകയും വാരിയെല്ലിലും നെഞ്ചിനും പരുക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 6.30ഓടെയാണ് മരിച്ചത്. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.