സെവൻസ് കളിക്കാനെത്തിയ വിദേശ താരത്തിന് പീഢനം..ശമ്പളമോ മറ്റ് സൗകര്യങ്ങളോ ഇല്ല..പരാതിയുമായി താരം എസ്പി ഓഫീസിൽ…
മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി.യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവന്‍സ് കളിക്കാന്‍ എത്തിയ ഐവറികോസ്റ്റ് ഫുട്‌ബോളര്‍ പരാതിയുമായി എസ് പി ഓഫീസിലെത്തി. കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ് കഴിഞ്ഞ ആറ് മാസമായി ശമ്പളമോ മറ്റു താമസ ഭക്ഷണ സൗകര്യങ്ങളോ ലഭിക്കാതെ മലപ്പുറത്ത് കുടുങ്ങിയത്.
2023 ഡിസംബർ മുതൽ ജൂലായ് 2024 വരെയുള്ള വിസയിൽ നിശ്ചിത തുക നൽകാം എന്ന കരാറിൽ ആണ് കേരളത്തിൽ സെവൻസ് കളിക്കാൻ എത്തിയത് എന്ന് പരാതിയിൽ പറയുന്നു. സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് തന്നെ കളിപ്പിച്ചത് എന്നും ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ല എന്നുമാണ് താരത്തിൻ്റെ പരാതി. വാഗ്ദാനം ചെയ്ത 5,000 നല്‍കിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വക പോലും അനുവദിച്ചില്ലെന്നും ക്ലൗഡ് പറയുന്നു. ഒറ്റയ്ക്ക് മലപ്പുറം എസ്പി ഓഫീസില്‍ എത്തിയാണ് താരം പരാതി നല്‍കിയത്.എസ്പി ഓഫീസില്‍ എത്തിയ താരത്തിന് പൊലീസുകാര്‍ ഭക്ഷണം വാങ്ങി നല്‍കിയപ്പോള്‍ താരം കരഞ്ഞു. അവസ്ഥ മനസ്സിലാക്കി കളിക്കാരനുമായി കരാര്‍ ഉണ്ടാക്കിയ വ്യക്തിയെ ഉടന്‍ ഓഫീസില്‍ ഹാജരാക്കാന്‍ എസ്പി ശശിധരന്‍ ഐപിഎസ് ഉത്തരവിട്ടിട്ടുണ്ട് .