സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ തിരയിൽപ്പെട്ട് മരിച്ചു….

വിഴിഞ്ഞം: വലിയ കടപ്പുറത്ത് കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ 16കാരൻ തിരയിൽപ്പെട്ട് മരിച്ചു. തെന്നൂർകോണം കരയടിവിള അഭയത്തിൽ പോൾ ആന്റണിയുടെയും ജോളിയുടെയും മൂത്ത മകൻ ഹെനോക് പോളിയാണ് (16) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ സുഹൃത്തുക്കളോടൊപ്പം സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ച ശേഷം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകി പോയതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തിര വരുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. ഹെനോക് തിരയിൽപ്പെട്ടയുടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ തീരത്തുണ്ടായിരുന്ന ഒരാൾ കടലിൽ ഇറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടർന്നു. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടും അദാനി തുറമുഖ കമ്പനിയുടെ ബോട്ടുമെത്തി തിരച്ചിൽ നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളികൾ സംഭവസ്ഥലത്തെ കടലിൽ നിന്ന് മൃതദ്ദേഹം മുങ്ങിയെടുക്കുകയായിരുന്നു. തീരത്തിനോടടുത്ത് മത്സ്യത്തൊഴിലാളികൾ വല വിരിച്ചു നടത്തിയ തിരച്ചിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്നു പത്താം ക്ലാസ് പാസായി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. വിഴിഞ്ഞം എസ്.ബി.ഐയിലെ ജീവനക്കാരനാണ് പിതാവ്. അമ്മ തിരുവനന്തപുരം ആർ.ടി.ഒ ഉദ്യോഗസ്ഥയാണ്. സഹോദരി ഇഷ്വ പോൾ. മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button