സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി
കൊച്ചി: നടനും തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിക്ക് തന്‍റെ വീട്ടിലേക്ക് വരാനോ തന്നെ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ താന്‍ രാഷ്ട്രീയക്കാരനല്ല, കലാകാരനാണ്. രാഷ്ട്രീയം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവിന്‍റെ ആരോപണം നേരത്തെ വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.