സുബിയുടെ വിടവാങ്ങൽ പുതിയ ജീവിതത്തിലേക്ക് കടക്കാനിരിക്കെ…
സുബി സുരേഷിന്റെ വിയോഗം വളരെ ഞെട്ടൽ ഉണ്ടാക്കുന്നതെന്ന് നടൻ കലാഭവൻ നവാസ്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമായിരുന്നെകിലും ഇത്രയും ഗുരുതരമാണെന്ന് അറിഞ്ഞില്ല. അസാമാന്യ കഴിവുള്ള പ്രതിഭയാണ് സുബി. വലിയ നഷ്ടമാണ്, പ്രത്യേകിച്ച് സ്റ്റേജ് പ്രോഗ്രമിനെ സംബന്ധിച്ച്. പെട്ടന്നുള്ള വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് കലാഭവൻ നവാസ് പ്രതികരിച്ചു.
സുബി ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന സമയത്താണ് അപ്രതീക്ഷിത വിടവാങ്ങൽ. ഒരു കലാകാരി എന്നതിലുപരി ഒരു കുടുംബത്തിന്റെ അത്താണി കൂടിയായിരുന്നു. സുബിയെ ആശ്രയിച്ച് ഒരുപാട് പേര് കഴിയുന്നുണ്ടായിരുന്നു. സുബിയുടെ വ്യക്തിപരമായ പല കാര്യങ്ങളും അറിയാവുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിൻ്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു സുബി.