സുനാമി മുന്നറിയിപ്പ് ലഭിച്ചതോടെ പരിഭ്രാന്തരായി ജനം…..

ആലപ്പുഴ: പുറക്കാട് ബീച്ചില്‍ സുനാമി മുന്നറിയിപ്പുമായി അനൗൺസ്മെന്റ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയര്‍ ഫോഴ്‌സ്, പോലീസ് വാഹനവും ആംബുലന്‍സുകളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം വൈകാതെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശത്തെ ജനങ്ങളെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്കും കെ.എസ്.ആർ.ടി.സി ബസിൽ ക്യാമ്പുകളിലേക്കും മാറ്റി.വൈകിട്ട് 4.35 ഓടെയാണ് സുനാമി മുന്നറിയുപ്പായി അനൗൺസ്മെന്റ് വാഹനം പുറക്കാട് ബീച്ചിൽ എത്തിയത്. 4.37 ഓടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ബീച്ചിൽ കുഴഞ്ഞ് വീണ 4 പേരെ ആംബുലൻസുകളിൽ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 4.40 ഓടെയാണ് സമീപവാസികളെ ക്യാമ്പിലേക്ക് ഒഴിപ്പിച്ചത്.ആദ്യം ജനങ്ങള്‍ പരിഭ്രമിച്ചെങ്കിലും സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ അവര്‍ സഹകരിച്ചു. കേരളത്തില്‍ സുനാമി ദുരന്തം വിതച്ചതിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യന്‍ സമുദ്ര വിവര കേന്ദ്രം എന്നിവര്‍ സംയുക്തമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിന് ശേഷം അവലോകന യോഗവും ചേർന്നു.ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാൻ കൂടിയായ ജില്ല കളക്ടര്‍ വി.ആർ. കൃഷ്ണ തേജയും പ്രവർത്തനങ്ങൾ വിലയിരുത്താനായി എത്തിയിരുന്നു. സുനാമി അടക്കമുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറച്ച് കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതെന്നും ജനങ്ങള്‍ക്കും അറിവു നല്‍കുകയാണ് ഇത്തരം പരിശീലന പരിപാടിയുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.പ്രദീപ് കുമാർ, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, ജനപ്രതിനിധികളായ ജിനു രാജ്, ഫാസിൽ, സുഭാഷ് കുമാർ, അമ്മിണി വിജയൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.റവന്യൂ, ദുരന്ത നിവാരണം, ഫയര്‍ ആന്റ് റെസ്‌ക്യൂ, കെ.എസ്.ഇ.ബി., പുറക്കാട് പഞ്ചായത്ത്, ആരോഗ്യo, കെ.എസ്.ആർ.ടി.സി., പോലീസ് എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.

Related Articles

Back to top button