സി.എസ്.ഐ മെഡിക്കൽ കോളേജിന് നോട്ടീസ്
വെള്ളറട: കാരക്കോണം സോമർവെൽ സി.എസ്.ഐ. മെഡിക്കൽ കോളേജിന് നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക് സൊല്യൂഷൻസു മായിട്ടുള്ള ഇടപാടുകൾ എസ്.എഫ്. ഐ. ഒ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2017-18 സാമ്പത്തിക വർഷത്തിൽ കോളേജ് മാനേജ്മെന്റ് എക്സാലോജിക്കുമായി നടത്തിയ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് എസ്.എഫ്. ഐ.ഒ.യ്ക്കു ലഭിച്ചത്. ഇതു സംബന്ധിച്ച ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങളാണ് മെഡിക്കൽ കോളേജിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മെഡിക്കൽ കോളേജിന്റെ അന്നത്തെ അഡ്മിനിസ്ട്രേറ്റർ പി.തങ്കരാജിനാണ് നോട്ടീസ് നൽകിയത്. തങ്കരാജ് ഇപ്പോൾ സി.എസ്.ഐയുടെ മറ്റൊരു സ്ഥാപനത്തിന്റെ ചുമതലക്കാരനാണ്. എക്സാലോജിക്കുമായി കാരക്കോണം മെഡിക്കൽ കോളേജ് ഉണ്ടാക്കിയ ഉടമ്പടിയുടെ പകർപ്പ്, വർക്ക് ഓർഡറിന്റെയും അനുബന്ധ രേഖകൾ എന്നിവയടക്കമുള്ള ഇൻവോയിസുകളുടെയുംപകർപ്പുകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.