സിനി ചില്ലറക്കാരി അല്ല… സിനി ‘പൂമ്പാറ്റ’യായ കഥ ഇങ്ങനെ…. ആ പേരിട്ടത്…..

കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ കേസ് ചുമത്തി പൊലീസ് ജയിലിലാക്കിയത്. സിനി ഇനി ആറുമാസം ജയിലിനുള്ളിൽ കഴിയണം. നിരവധി കേസുകളിൽ പ്രതിയായ സിനിക്ക് തൃശൂര്‍ സിറ്റി ഷാഡോ സ്ക്വാഡിലുള്ള എസ്ഐ സുവൃത കുമാര്‍, സിപിഒ ജീവന്‍ എന്നിവരാണ് സിനിക്ക് പൂമ്പാറ്റ സിനി എന്ന് പേരിട്ടത്.
ആ പേരിന് പിന്നിലെ കഥ ഇങ്ങനെയാണ്. തട്ടിപ്പും വെട്ടിപ്പുമായി സിനി പയറ്റിത്തെളിയുന്ന കാലം. 2012 ല്‍ കാസര്‍ ഗോഡുനിന്നുള്ള ഒരു ട്രയിന്‍ യാത്ര. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഫോണില്‍ തനിക്കു തരാനുള്ള രണ്ട് ലക്ഷം നല്‍കണമെന്ന് പറയുന്നു. ഇത് കണ്ട അടുത്തിരുന്ന സ്ത്രീ പതിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ സമീപിക്കുന്നു. ആരാണ് പണം നല്‍കാനുള്ളതെന്ന് ചോദിക്കുന്നു. അവര്‍ വിവരം പറയുന്നു. കിട്ടാനുള്ളത് രണ്ട് ലക്ഷം. പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു. സിനി സര്‍ക്കാര്‍ ഉദ്യോഗസ്ഥയോട് പറഞ്ഞത് താന്‍ ചില്ലറ പുള്ളിയല്ല. മന്ത്രിമാരുമായും പൊലീസ് ഉദ്യോഗസ്ഥന്‍മാരുമായും ബന്ധമുണ്ട്. വേഗത്തില്‍ പരിഹരിച്ചു തരാം. പക്ഷെ കാശു ചെലവുണ്ട്. പൊലീസുകാര്‍ കാശു ചോദിക്കും. പറഞ്ഞു പറഞ്ഞ് ട്രയിന്‍ യാത്രക്കിടെ സിനി ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണം ഊരി വാങ്ങി.

കൂടാതെ ഇത് പോരാ എന്നു പറഞ്ഞ് രായ്ക്കു രാമാനം 11 പവന്‍ കൂടി സ്വന്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സംശയം തോന്നിയതിന് പിന്നാലെ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കി. ഷാഡോ പൊലീസ് രംഗത്തിറങ്ങി. ആലുവയിലാണ് സിനിയുടെ വാടക വീടെന്ന് കണ്ടെത്തി. സിനിക്കായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. പുലര്‍ച്ചെ വീട്ടിലെത്തിയ സിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിലെത്തിച്ച ഷാഡോ സംഘം ആരാണ് സിനിയെന്ന് അന്വേഷിച്ചു. ഞെട്ടിക്കുന്നതായിരുന്നു സിനിയുടെ അതുവരെയുള്ള തട്ടിപ്പ് കഥകള്‍.

2008ല്‍ അരൂരില്‍ ഒരു റിസോര്‍ട്ട് മുതലാളിയെ കൈയ്യിലെടുത്ത് ഹോട്ടല്‍ റൂമിലെത്തിച്ചു. ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പല തവണയായി പതിനെട്ട് ലക്ഷം തട്ടി. പത്തു ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ അയാള്‍ ആത്മഹത്യ ചെയ്തു. അവിടെ തുടങ്ങിയ തട്ടിപ്പ് സിനി സമീപ ജില്ലകളിലേക്കും വ്യാപിച്ചിച്ചു. താമസിച്ചിടത്തെല്ലാം സ്വന്തം ഗൂണ്ടാ സംഘങ്ങളെ ഉണ്ടാക്കി, തേന്‍ കുടിച്ച് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന സിനിക്ക് നല്‍കേണ്ട പേരിനെ സംബന്ധിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല അന്നത്തെ റൈറ്ററായ ജീവനും സുവൃതകുമാറിനും. അങ്ങനെയാണ് സിനി പൂമ്പാറ്റ സിനിയായി മാറിയത്.

കേസ് ഡയറിയിലിട്ട ആ പേര് ഇത്ര ഹിറ്റാവുമെന്ന് ഇരുവരും കരുതിയിരുന്നില്ല . പൂമ്പാറ്റ സിനി പിന്നെയും ഒരുപാട് ഇടങ്ങളില്‍ തേന്‍ നുകരാനെത്തി തട്ടിപ്പ് നടത്തി. അതിനിടെ പേരും മാറ്റി തട്ടിപ്പു നടത്തിയിട്ടുണ്ട് സിനി. 2017 ല്‍ തൃശൂരിലെ ഒരു സ്വകാര്യ ജ്വല്ലിറിക്കാരനെ വശീകരിച്ച് 22 പവനാണ് തട്ടിയത്. ശ്രീജ എന്നായിരുന്നു സിനി തന്നെ പരിചയപ്പെടുത്തിയിരുന്നത്. വിവരമറിഞ്ഞ് സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥനായ സുവൃത കുമാര്‍ ഫോണില്‍ ഫോട്ടോ കാണിച്ചപ്പോള്‍ ബോധം കെട്ട് വീഴുകയായിരുന്നു സ്വര്‍ണം നഷ്ടപ്പെട്ട ജ്വല്ലറി മുതലാളി. അത് സിനിയായിരുന്നു. നൂറിലേറെ തട്ടിപ്പുകളാണ് സിനി ഇതുവരെ നടത്തിയത്.

Related Articles

Back to top button