സിനിമാനയ രൂപീകരണ സമിതിയിൽ നിന്നും ഒഴിയാൻ നടൻ മുകേഷ്…
സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിയും.വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിയാൻ ആലോചന.ഒഴിയാൻ സിപിഐഎം നിർദേശം നൽകിയതായി സൂചന. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല.ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ് സിനിമാനയ രൂപീകരണ സമിതി. പത്തംഗ സമിതിയാണ് രൂപീകരിച്ചത്. ഷാജി എൻ കരുൺ ആണ് സമിതി ചെയർമാൻ.
എന്നാൽ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയിൽ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യം. നിലവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.