സിദ്ധാർത്ഥ് കേസിൽ പ്രതികളുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി….

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹർജി ഹൈകോടതി വിധി പറയാൻ മാറ്റി. ഇതിനെ എതിർത്ത് കക്ഷിചേർന്ന സിദ്ധാർഥന്‍റെ മാതാവ് എം.ആർ. ഷീബ നൽകിയ ഹർജിയും ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ പരിഗണനയിലുണ്ട്. പ്രതികളായ കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു. അമീൻ അക്ബറലി, കെ. അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ് ഖാൻ, എ. അമൽ ഇഹ്‌സാൻ, ജെ. അജയ്, എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി. ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരുടെ ജാമ്യ ഹർജികളാണ് പരിഗണനയിലുള്ളത്. റാഗിങ്, ആത്മഹത്യപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കസ്റ്റഡി തുടർന്ന് ആവശ്യമില്ലെന്നും അധ്യാപകർ ഉൾപ്പെടെയുള്ളവരാണ് സാക്ഷികളെന്നും അവരെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുള്ളവരല്ലെന്നും ആത്മഹത്യക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കൽപറ്റ സെഷൻസ് കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഫെബ്രുവരി 18നാണ് സിദ്ധാർഥനെ സർവകലാശാല ഹോസ്‌റ്റലിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button