സിദ്ധാർത്ഥിന്റെ മരണം.. കേസ് ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ല…
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്ന് സിബിഐക്ക് ഫയൽ പോയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നു. സിബിഐ അന്വേഷണത്തിന് മുമ്പ് എന്തിനാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്ന് ചോദിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം കേസിനെ തട്ടിക്കളിക്കാൻ സമ്മതിക്കില്ലെന്നും ഉടൻ സിബിഐ അന്വേഷണം തുടങ്ങണമെന്നും പറഞ്ഞു. കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തെന്നും സര്‍ക്കാര്‍ വിജ്ഞാപനം വന്നയുടനെ തന്നെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു കൊടുത്തുവെന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നത്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അതിനാലാണ് രാജീവ് ചന്ദ്രശേഖറോട് സഹായം തേടിയതെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛൻ ജയപ്രകാശ് പ്രതികരിച്ചു.