സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ അന്വേഷണം..ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും…
സിഎംആര്‍എല്‍ എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളിലും തീരുമാനത്തിലും പാളിച്ചപറ്റിയെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് മാത്യൂ കുഴല്‍നാടന്റെ ഹര്‍ജിയിലെ ആവശ്യം.
ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മാത്യു കുഴല്‍ നാടന്റെ ഹര്‍ജി പരിഗണിക്കുന്നത്. സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തീരുമാനം നിയമാനുസൃതമല്ലെന്നാണ് മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലെ പ്രധാന ആക്ഷേപം.ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.