സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം..
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടല്‍. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റത്തവണ പ്രത്യേക പാക്കേജ് നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ നൽകുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയിൽ ഉൾപ്പെടുത്താം. കടമെടുപ്പ് പരിധിയില്‍ തീരുമാനം നാളെ അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് 5000 കോടി ഏപ്രിൽ ഒന്നിന് നൽകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടതെന്നും അടുത്ത പത്തു ദിവസത്തിനുള്ളിൽ എന്തു ചെയ്യാൻ കഴിയുമെന്നും കോടതി കേന്ദ്രസർക്കാരിനോടു ചോദിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കൂടുതൽ ധനസഹായം ലഭിച്ചേ മതിയാകൂ എന്നാണ് കപിൽ സിബൽ കോടതിയെ അറിയിച്ചത്. നേരത്തേ 13,600 കോടി രൂപ സഹായം നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിൽ 8000 കോടി രൂപ ഇതിനോടകം തന്നെ നൽകിയതായി കേന്ദ്രം അറിയിച്ചു. 4500 കോടി രൂപ ഊർജ മന്ത്രാലയം കൂടി നൽകേണ്ടതുണ്ടെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്.