സാമൂഹ്യ സേവനം മാനസിക പരിവർത്തനമുണ്ടാക്കി
മാവേലിക്കര- കെ.പി റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് നൽകിയ മാതൃകാ ശിക്ഷയായ സാമൂഹ്യ സേവനം വണ്ടാനം മെഡിക്കൽ കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും പൂർത്തിയാക്കിയ യുവാക്കൾ മാവേലിക്കര ആർ.ടി ഓഫീസിലെത്തി അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. പുതിയതായി ലൈസൻസ് എടുക്കാൻ വന്ന കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണവും നടത്തി. സാമൂഹ്യ സേവനത്തിലൂടെ തങ്ങൾക്ക് മാനസിക പരിവർത്തനമുണ്ടായെന്നും ഈ സന്ദേശം ഇന്നത്തെ തലമുറയ്ക്കായി സമർപ്പിക്കുന്നുവെന്നും യുവാക്കൾ പറഞ്ഞു. യുവാക്കളുടെ അനുഭവ പാഠങ്ങൾ നേരിട്ട് കേൾക്കാനായി എം.എസ് അരുൺ കുമാർ എം.എൽ.എയും ആലപ്പുഴ ആർ.റ്റി.ഓ എ.കെ ദിലുവും എത്തിയിരുന്നു. ചടങ്ങിൽ യുവാക്കൾക്ക് മോട്ടോർ വാഹന വകുപ്പ് ഉപഹാരങ്ങൾ നൽകി.