സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേരളം ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രിവയനാട് കളക്ടറേറ്റില്‍ അവലോകന യോഗം
സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേരളം ഒറ്റയ്ക്കല്ലെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനം. സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും നരേന്ദ്രമോദി നേരിട്ട് കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ,കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
ദുരന്തം തൂത്തെറിഞ്ഞ വയനാടിന്റെ മണ്ണിനെ വീണ്ടെടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്നതായി പ്രധാനമന്ത്രിയുടെ വാക്കുകള്‍. കേന്ദ്രം ദുരിതബാധിതര്‍ക്ക് ഒപ്പമാണ്, അവര്‍ ഒറ്റയ്ക്കല്ല, സഹായത്തിന് പണം തടസ്സമാകില്ല , പുനരധിവാസത്തിന് ഉള്‍പ്പെടെ സഹായം ഉണ്ടാകും. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കേരളം വിശദമായ കണക്കുകളുമായി മെമ്മോറാണ്ടം കൈമാറണമെന്നും വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു