സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികൾ….
ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും. ആർമി ചീഫ് നിയുക്ത ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും നേവി ചീഫ് അഡ്മിറൽ ദിനേഷ് ത്രിപാഠിയുമാണ് ഈ ചരിത്ര നിമിഷത്തിന് അവകാശികളാകുന്നത്. മധ്യപ്രദേശിലെ റേവയിലുള്ള സൈനിക സ്കൂളിലാണ് ഇരുവരും പഠിച്ചത്. 1970കളുടെ തുടക്കത്തിൽ അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചു തുടങ്ങിയ സൗഹ്യദ യാത്രയാണ് ഇരുവരുടെയും.
പഠിച്ചിരുന്ന കാലമത്രയും ലഫ്റ്റനൻ്റ് ജനറൽ ദ്വിവേദിയുടെയും അഡ്മിറൽ ത്രിപാഠിയുടേയും അടുത്തടുത്ത റോൾ നമ്പറായിരുന്നു. സ്കൂളിലെ ആദ്യ നാളുകൾ മുതൽ തുടങ്ങിയ സൗഹൃദം അത്രയും ദൃഡമായിരുന്നു. വ്യത്യസ്ത ചിന്താഗതികളും ലക്ഷ്യങ്ങളും ആയിരുന്നെങ്കിലും അവരുടെ സൗഹൃദം നിലനിന്നു. ഇരുവരുടെയും ശക്തമായ സൗഹൃദം സേനകൾ തമ്മിലുള്ള പ്രവർത്തന ബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുമെന്നാണ് മറ്റു ഉദ്യോഗസ്ഥരുടെ അഭിപ്രായം.