സമ്പൂർണ്ണ സൂര്യഗ്രഹണം കാണുവാൻ സൗകര്യം ഒരുക്കണമെന്ന് തടവുകാര്‍….
ഏപ്രിൽ എട്ടിലെ സമ്പൂർണ്ണ സൂര്യഗ്രഹണം കാണുന്നതിന് സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി തടവുകാർ. ന്യൂയോർക്ക് ജയിലിലെ തടവുപുള്ളികളാണ് ജയിൽ ഭരണകൂടത്തോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തടവുപുള്ളികൾ കോടതിയിൽ കേസും ഫയൽ ചെയ്തു. സൂര്യഗ്രഹണം കാണുന്നത് തങ്ങളുടെ മതപരമായ അവകാശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചില അന്തേവാസികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. രസകരമായ മറ്റൊരു കാര്യം വിവിധ മതവിഭാഗത്തില്‍പ്പെട്ട അന്തേവാസികളും മതപരമായ അവകാശം ചൂണ്ടിക്കാണിച്ച് സമാന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വുഡ്ബോൺ കറക്ഷണൽ ഫെസിലിറ്റിയിലെ വിവിധ മതവിശ്വാസങ്ങളിൽ പെട്ട ആറ് തടവുകാരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് കോടതിയില്‍ കേസ് ഫയൽ ചെയ്തത്. ഏപ്രിൽ എട്ടിന് തങ്ങളെ തടവിലാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് തടവുപുള്ളികൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപൂർവ്വവും പ്രകൃതിദത്തവുമായ ഒരു പ്രതിഭാസമെന്ന നിലയിലും തങ്ങൾക്ക് സൂര്യഗ്രഹണത്തിന് സാക്ഷികൾ ആകാനുള്ള അവസരം ഒരുക്കി തരണമെന്നും തടവുപുള്ളികൾ ആവശ്യപ്പെട്ടു. എന്നാൽ കറക്ഷണൽ ഹോം കമ്മീഷണർ പുറപ്പെടുവിച്ച “ലോക്ക്ഡൗൺ മെമ്മോ” ഉത്തരവനുസരിച്ച്, എല്ലാ തടവുകാരും ‘അവരുടെ ബാരക്കുകളിൽ തന്നെ തുടരണം എന്നിരുന്നാലും, അവർക്ക് സൂര്യഗ്രഹണം ജനാലകളിലൂടെ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.’