‘സഞ്ജു ക്രീസിൽ നിന്നിരുന്നെങ്കിൽ 150 അടിച്ചേനെ’…ഫൈനലിന് മുൻപ് സഞ്ജുവിനെ വാനോളം പുകഴ്ത്തി ലക്ഷ്മിപതി ബാലാജി…

2026 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുമ്പോൾ, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സഞ്ജു സാംസൺ നടത്തിയ തകർപ്പൻ പ്രകടനത്തെ പ്രകീർത്തിച്ച് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ലക്ഷ്മിപതി ബാലാജി. സഞ്ജു ക്രീസിൽ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ 150 റൺസ് വരെ നേടുമായിരുന്നുവെന്ന് ബാലാജി അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വെറും 42 പന്തിൽ നിന്നാണ് സഞ്ജു 89 റൺസ് അടിച്ചുകൂട്ടിയത്. സെഞ്ച്വറിക്ക് 11 റൺസ് മാത്രം അകലെ നിൽക്കെ, വ്യക്തിഗത നേട്ടത്തിന് ശ്രമിക്കാതെ ടീമിനായി വലിയ ഷോട്ടിന് മുതിർന്നാണ് സഞ്ജു പുറത്തായത്. സഞ്ജുവിന്‍റെ ആ ഇന്നിംഗ്‌സ് തികച്ചും സ്വാർത്ഥതയില്ലാത്ത ഒന്നായിരുന്നു. 14-ാം ഓവറിൽ പുറത്തായില്ലായിരുന്നുവെങ്കിൽ അവൻ 150 റൺസ് വരെ സ്കോർ ചെയ്തേനെ. വാംഖഡെ പോലൊരു സ്റ്റേഡിയത്തിൽ എത്ര റൺസ് എടുത്താലും സുരക്ഷിതമല്ലെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടാണ് സെഞ്ച്വറി നോക്കാതെ അവൻ ആക്രമിച്ചു കളിച്ചത്- ബാലാജി പറഞ്ഞു.

അഭിഷേക് ശർമ്മ ഫോം കണ്ടെത്താൻ പ്രയാസപ്പെടുമ്പോൾ ഒരു സീനിയർ താരത്തിന്‍റെ ഉത്തരവാദിത്തത്തോടെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നതെന്നും ബാലാജി കൂട്ടിച്ചേർത്തു. സഞ്ജു നൽകുന്ന ആത്മവിശ്വാസമാണ് താഴെ ഇറങ്ങുന്ന ബാറ്റർമാർക്ക് കരുത്താകുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ സഞ്ജു, ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയതിന് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഈ പ്രകടനം.

സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ശിവം ദുബെയും നടത്തിയ കൂട്ടുകെട്ടുകളെ എസ്. ബദരീനാഥ് പ്രശംസിച്ചു. വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ ടീമിന് വേണ്ടി വേഗത്തിൽ റൺസ് ഉയർത്തുന്ന സഞ്ജുവിന്‍റെ സമീപനമാണ് മത്സരത്തിൽ ഇന്ത്യക്ക് 253 റൺസ് എന്ന കൂറ്റൻ സ്കോർ സമ്മാനിച്ചതെന്ന് ബദരീനാഥ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button