സജിക്കുട്ടന്റെയും അരുണിന്റെയും മരണം.. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ….
തൃശൂർ: വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കേസ് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാർച്ച് 2 ശനിയാഴ്ചയാണ് ശാസ്താംപൂവം കോളനിയിൽ നിന്ന് പതിനഞ്ച് വയസുള്ള സജിക്കുട്ടനെയും എട്ട് വയസുകാർ അരുണിനെയും കാണാതാകുന്നത്. പിന്നീട് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മാർച്ച് 2 ന് രാവിലെ മുതൽ കുട്ടികളെ കാണാനില്ലെന്ന് കോളനി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. വന്യജീവികളുടെ ആക്രമണം കാരണമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.