സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്
കൊച്ചി: സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ജൂണ്‍ 27ന് ആണ് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തത്. മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കഡറി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത്-എസ്.എഫ്.ഐ അട്ടിമറികളിലും പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ ആണ് പ്രഖ്യാപനം നടത്തിയത്.
പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും സീറ്റ് ലഭിച്ചില്ല. ഇത് മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ വിവേചന ഭീകരതയുടെ ആഴം സൂചിപ്പിക്കുന്നു. 30% മാര്‍ജിനല്‍ സീറ്റ് വര്‍ധന മാത്രം നടത്തി മലബാറിലെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഓപ്പണ്‍ സ്‌കൂളിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിച്ച 38,726 പേരില്‍ 31,505 പേരും മലബാറില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. അതില്‍ 15,988 പേരും മലപ്പുറത്തുനിന്നുള്ളവരാണെന്നും ഷെഫ്‌റിന്‍ ചൂണ്ടിക്കാട്ടി.