സംസ്ഥാനത്ത് കനത്തമഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി..
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ കനത്തമഴയിൽ നാശനഷ്ടങ്ങളുണ്ടായി.
വയനാട് ജില്ലയിൽ കാലവർഷം ശക്തമാണ്. വയനാട്, കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അതേസമയം, റോഡ് പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടരുകയാണ്. ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ നാല് ഇടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു.
കനത്ത മഴയിൽ തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നദികളിലെ ജലനിരപ്പ് കൂടി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നിയിൽ തോട് കവിഞ്ഞ് ദേശീയ പാതക്ക് കുറുകെ ഒഴുകുകയാണ്. എസ്.എൻ. വിദ്യാഭവന് സമീപം കാന കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്.