സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ
കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ്. തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിൽ ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ.
കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിൽ. ഇവിടെയും നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, മരണാന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാവൂ.
കാറ്റഗറി എ യിൽ കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുപരിപാടികൾ, വിവാഹം, മരണാന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് ഇവിടെ അനുവാദമുണ്ട്.കാസർഗോഡ്, കോഴിക്കോട് ജില്ലകൾ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.