സംസ്ഥാനത്ത് ഇന്നും കടലാക്രമണം..മഴക്കും സാധ്യത, ജാഗ്രത നിര്‍ദേശം…
സംസ്ഥാനത്ത് ഇന്നും കടലാക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി . ഉയര്‍ന്ന തിരമാലകള്‍ക്ക് പുറമെ വേനല്‍ മഴക്കും സാധ്യതയെന്നും പ്രവചനമുണ്ട്. അതിനാൽ തീരദേശ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി. ഇന്നലെ ജനവാസ മേഖലയില്‍ കയറിയ കടല്‍ വെള്ളം ഇതുവരെ തിരിച്ചിറങ്ങിയിട്ടില്ല. അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാനും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ബീച്ചുകളിലേക്കുള്ള പ്രവേശം നിരോധിച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ എന്നീ ജില്ലകളിലുണ്ടായ കടലേറ്റത്തില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. മത്സ്യബന്ധന വള്ളങ്ങള്‍ കൂട്ടിയിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇതേസമയം സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് വേനല്‍ മഴക്ക് സാധ്യതയുള്ളത് .