സംസ്ഥാനത്ത് ആദ്യം…അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ 9 അംഗ സര്‍ക്കാര്‍ ഉപദേശക സമിതി..
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക.
അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകള്‍. അവയവദാന പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2 വര്‍ഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. മെമ്പര്‍ സെക്രട്ടറി, മെഡിക്കല്‍ വിദഗ്ധര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നിയമ വിദഗ്ധര്‍, സര്‍ക്കാര്‍ ഇതര സംഘടന/ അവയവം സ്വീകരിച്ചവരുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന 9 അംഗ സമിതിയാണ്.