സംസാരിക്കാൻ അനുവദിച്ചില്ല.. നീതി ആയോഗ് യോഗത്തിൽ നിന്നും മമത ബാനർജി ഇറങ്ങിപ്പോയ്…
ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിൽ നിന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയ്. അഞ്ച് മിനിറ്റ് മാത്രമാണ് തന്നെ സംസാരിക്കാൻ അനുവദിച്ചതെന്ന് മമത പറഞ്ഞു. സംസാരിക്കുന്നതിനിടെ തന്റെ മൈക്ക് ഓഫ് ചെയ്ത് യോഗത്തിൽ തന്നെ അപമാനിനിച്ചുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ വേർതിരിച്ച് കാണരുതെന്നും പ്രതിപക്ഷത്ത് നിന്ന് താൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്നും മമത പറഞ്ഞു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചത്. തനിക്ക് മുമ്പ് സംസാരിച്ചവരെല്ലാം പത്ത് മുതൽ ഇരുപത് മിനിറ്റ് വരെ സംസാരിച്ചു. എന്നിട്ട് പോലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്ന് മമത ബാനർജി പറഞ്ഞു.
ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ തീരുമാനിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ ഉൾപ്പടെയുള്ളവരാണ് യോഗം ബഹിഷ്‍കരിക്കുമെന്ന് തയ്യാറായത്. എന്നാൽ, പ്രതിപക്ഷ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന വിവേചനം യോഗത്തിൽ പങ്കെടുത്ത് ചൂണ്ടിക്കാട്ടുമെന്നായിരുന്നു മമതയുടെ നിലപാട്.