‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം…..രമേശ് നാരായണനെ വിമര്‍ശിച്ചു നാദിര്‍ഷ….
കൊച്ചി: നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്. രമേശ് നാരായണനെ കുറ്റപ്പെടുത്തി കൊണ്ടാണ് കൂടുതല്‍ പേരും രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പരോക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം. ‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്ന് നാദിര്‍ഷ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.
എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ ഞാന്‍ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണന്‍ പറഞ്ഞു.