ഷെയ്ഖ് ഷാജഹാനെ ഇഡി അറസ്റ്റ് ചെയ്തു
തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്ത് ഇഡി. സന്ദേശ്ഖാലി ബലാത്സംഗ കേസിലെ മുഖ്യ പ്രതിയായ ഇയാളെ ബാസിർഹട്ട് ജയിലിൽ എത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ഇഡിയുടെ അറസ്റ്റ്. ബസിർഹട്ട് സബ് ഡിവിഷണൽ കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇഡി ഇയാളെ ചോദ്യം ചെയ്തത്. ജയിലിൽ വച്ച് നാല് മണിക്കൂറോളം ആയിരുന്നു ചോദ്യം ചെയ്യൽ.റേഷൻ വിതരണത്തിലെ അഴിമതിയിൽ സംസ്ഥാനത്തെ മുൻ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ 2023 ഒക്ടോബറിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ജയിലിലാണ്. ഇതിന് പിന്നാലെ ജനുവരി അഞ്ചിന് ഷെയ്ഖ് ഷാജഹാന്റെ വീട്ടിൽ പരിശോധനയ്‌ക്ക് ഇഡി ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാളുടെ അനുയായികൾ സംഘടിച്ച് അക്രമം നടത്തുകയായിരുന്നു. തുടർന്ന് 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്.